ഹിദായത്തു ത്വലബ...✒️

      കണ്ണൂർ ജില്ലയിലെ കണ്ണാടിപ്പറമ്പിനടുത്ത്, മഹാനായ മുഹമ്മദ് കുട്ടി തങ്ങൾ (ഖ.സി) യുടെ അനുഗ്രഹീയ സാന്നിധ്യമുള്ള നൂഞ്ഞേരി മഹല്ലിൽ, അഭിവന്ദ്യ ഗുരു മുഹമ്മദ് അശ്‌റഫ് അൽ ഖാസിമി ഉസ്താദിന്റെ നേതൃത്വത്തിൽ നടന്നുവരുന്ന മഹനീയമായൊരു പള്ളി ദർസാണ് ഹിദായത്തു ത്വലബ...

     പ്രഗത്ഭ പണ്ഡിതനും സൂഫിവര്യനുമായ ശൈഖുനാ പി കെ പി അബ്ദുസ്സലാം മുസ്‌ലിയാർ (ന.മ) യുടെ ശിഷ്യനാണ് ബഹുവന്ദ്യ ഉസ്താദ് എന്നുള്ളത് ഈ ദർസീ സനദിന്റെ മാഹാത്മ്യത്തെ വിളിച്ചോതുന്നു...

     21 വർഷത്തെ ജൈത്രയാത്രയിൽ കണ്ണൂർ ജില്ലയിലെ മുട്ടം, നരിക്കോട്, തെക്കുമ്പാട് എന്നീ സ്ഥലങ്ങളിൽ പ്രയാണം നടത്തിയ ഹിദായത്തു ത്വലബ, കഴിഞ്ഞ 9 വർഷമായി 130 ഓളം മുതഅല്ലിമീങ്ങളുമായി നൂഞ്ഞേരിയിൽ ഇൽമിന്റെ പ്രഭ ചൊരിയുകയാണ് ...

     ഈ വരുന്ന നൂറിലധികം മുതഅല്ലിമീങ്ങൾക്കുമുള്ള ഭക്ഷണം മഹല്ലിലെ ഓരോ വീടുകളിൽ നിന്നാണ് എന്നത് നൂഞ്ഞേരി മഹല്ലിനെ വേറിട്ട് നിർത്തുന്നു...

     പരമ്പരാഗത ദർസീ പഠനത്തോടൊപ്പം മുതഅല്ലിമീങ്ങൾക്ക് സ്കൂൾ-കോളേജ് പഠനങ്ങൾ ഉന്നത യൂണിവേഴ്‌സിറ്റി നിലവാരത്തിലുള്ള സിലബസ് തയാറാക്കി പ്രഗത്ഭരായ അദ്ധ്യാപകർക്ക് കീഴിൽ ദർസിൽ നിന്നു തന്നെയാണ് നൽകി വരുന്നത്. ഹിദായ എഡ്യുക്കേഷൻ ബോർഡ് നടത്തുന്ന ഈ സംവിധാനം പള്ളിദർസിനെ സംബന്ധിച്ചടുത്തോളം വലിയൊരു ദൗത്യം തന്നെയാണ്...

     ആധുനിക കാലഘട്ടത്തിലെ ആവശ്യകതകൾ മനസ്സിലാക്കിക്കൊണ്ട് ഇതര ഭാഷ പഠനങ്ങൾ, കമ്പ്യൂട്ടർ ലാബ്, ലൈബ്രറി, സ്മാർട്ട് ക്ലാസ്, അൽഹുദ കൈയെഴുത്ത് മാസിക, പ്രസംഗ ഗാന പരിശീലന സമാജം എന്നിവയൊക്കെ ഹിദായത്തു ത്വലബയുടെ മാറ്റ് കൂട്ടുന്നു. സംസ്ഥാനതല കലാ-വൈജ്ഞാനിക മത്സരങ്ങളിൽ ഹിദായത്തു ത്വലബയിലെ വിദ്യാർത്ഥികൾ തങ്ങളുടെതായ വ്യക്തിമുദ്ര പതിപ്പിച്ചിട്ടുണ്ട്...

      ഇതിനു പുറമെ ആധുനിക സാമൂഹിക മാധ്യമങ്ങളിൽ ഇസ്ലാമിക വൈജ്ഞാനിക പ്രബോധനത്തിനുതകുന്ന പണ്ഡിത സമൂഹത്തെ വാർത്തെടുക്കാൻ വിദ്യാർത്ഥികൾക്ക് 
ഗ്രാഫിക്സ്, ഓഡിയോ, വിഡിയോ എഡിറ്റിംഗ് മേഖലകൾ ആഴത്തിൽ തുറന്നുകാട്ടാനും ഖിറാഅത്ത്, വാങ്ക്, ഗാന ശബ്ദ മാധുര്യത്തെ മികപ്പിച്ചെടുക്കാൻ വോക്കൽ ഹബ്ബുമൊക്കെ ഉൾക്കൊള്ളുന്ന മൾട്ടിമീഡിയ സ്റ്റുഡിയോ, ലൈവ് കോൺഫറൻസ് ഹാൾ, ഇന്ററാക്ടീവ് വിഷ്വൽ ക്ലാസ്റൂം, വിശാലമായ ജനറൽ-റഫറൻസ് ലൈബ്രറിയുമൊക്കെ സജ്ജീകരിച്ചുകൊണ്ട് നിലകൊള്ളുന്ന ഹിറ - ഹിദായ ഇന്റഗ്രേറ്റഡ് റിസോഴ്‍സ് ഏരിയ, ഹിദായത്തു ത്വലബയുടെ സ്വപ്ന പദ്ധതിയാണ്. ഇതുവഴി ലോകോത്തര നിലവാരത്തിൽ തജ്‌വീദ്, ഖിറാഅത്ത്, ഭാഷ പഠനങ്ങൾ നടക്കുകയും വിവിധ തരം തൊഴിലധിഷ്ഠിത സർട്ടിഫിക്കറ്റ് കോഴ്സുകൾ പഠിക്കപ്പിക്കപ്പെടുകയും, ലൈഫ് സ്‌കിൽ ഡെവലപ്മെന്റ് ട്രെയിനിങ്ങുകളൊക്കെ നൽകുവാനും സാധിക്കുന്നുണ്ട് ...

     "പള്ളി ദർസുകൾ മരിക്കരുത് " എന്ന പ്രമേയം ആസ്പദമാക്കി വർഷംതോറും ഹിജ്‌റയുടെ ആരംഭത്തിൽ നടത്തുന്ന മുഹർറം പുതുവത്സരപുലരി ഹിദായത്തു ത്വലബയുടെ മാത്രം പ്രത്യേകതയാണ്...

     പ്രവാചക പ്രകീർത്തന കാവ്യങ്ങളിലൂടെ ഹൃദയത്തിൽ പ്രവചകാനുരാഗം തീർക്കുന്ന ഇശ്ഖുൽ മദീന ബുർദ വിംഗ്‌ ഹിദായത്തു ത്വലബയുടെ പൊൻതൂവലാണ്. സംസ്ഥാന തലത്തിലടക്കം ഒന്നും രണ്ടും സ്ഥാനങ്ങൾ വിവിധ പരിപാടികളിലായി കരസ്ഥമാക്കാൻ സാധിച്ചത് ഹിദായത്തു ത്വലബക്ക് അഭിമാനമാണ്...

     2018 ൽ പട്ടിക്കാട് ജാമിഅ നൂരിയ്യയിൽ വെച്ച് നടന്ന സമ്മേളനത്തിൽ SYS മക്ക കമ്മിറ്റി നൽകിയ കേരളത്തിലെ മികച്ച മുദരിസന്മാർക്കും ദർസുകൾകുമുള്ള അവാർഡിന് അർഹരായവരുടെ കൂട്ടത്തിൽ അഭിവന്ദ്യരായ ഉസ്താദും ഉൾപ്പെടുകയുണ്ടായി. 2021 ലെ SYS കണ്ണൂർ ജില്ല ഏർപ്പെടുത്തിയ മർഹൂം കൊയ്യോട് മുഹ്‌യിദ്ധീൻ കുട്ടി മുസ്‌ലിയാർ സ്മാരക മാതൃകാ മുദരിസിനുള്ള പ്രഥമ അവാർഡിനും അഭിവന്ദ്യരായ ഉസ്താദ് അർഹനായത് ഹിദായത്തു ത്വലബയെ സമൂഹം നെഞ്ചേറ്റിയത്തിന്റെ അടയാളമാണ്...

     നാളിതുവരെ ഹിദായത്തു ത്വലബയിൽ നിന്നിറങ്ങിയവരിൽ ബാഖവികളും ഫൈസികളും ദാരിമികളും നദ്‌വിയുമൊക്കെ സമൂഹത്തിന്റെ നാനാദിക്കിൽ ഇൽമിന്റെ പ്രഭചൊരിയുകയാണ്. ഇതിൽ ബാഖിയാത്തിൽ നിന്നും ഉന്നതമായ റാങ്ക് കരസ്ഥമാക്കിയവർ ഉൾപ്പെടുന്നു എന്നത് ഹിദായത്തു ത്വലബക്ക് എന്നും തിളക്കമാറുന്ന ഓർമകളാണ്...

      19 വർഷത്തെ ഇൽമിന്റെ പ്രസരണത്തിനിടയിൽ ഓരോ നാട്ടിലെ മുതവല്ലിമാരും, കമ്മിറ്റിക്കാരും, നാട്ടുകാരും, യുവാക്കളും, ഉമ്മ പെങ്ങന്മാരും നൽകിയ വിലമതിക്കാനാവാത്ത സ്നേഹവും പിന്തുണയുമാണ് ഹിദായത്തു ത്വലബയെ വളർത്തിയത്.... 

      ഇൽമിന്റെ അണയാത്ത ദീപം ഹിദായത്തു ത്വലബയിലൂടെ എന്നും ജ്വലിച്ചു നിൽക്കാൻ സർവ്വശക്തൻ തുണക്കട്ടെ. ആമീൻ...

Comments

Popular Posts